തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ മലപ്പുറത്തേക്ക് നടത്തിയ വിമാനയാത്രയുടെ ചെലവ് ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ വഹിച്ചതായി സൂചന. കേളചന്ദ്ര ഏവിയേഷൻ ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയിസിൽ യാത്രയ്ക്കായി 19,88,595 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 16,85,250 രൂപ വിമാനത്തിന്റെ ചാർജും 3,03,345 രൂപ 18 ശതമാനം ജിഎസ്ടിയുമാണ്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.
കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള ജിൻഡാൽ വിമാനത്താവളത്തിൽനിന്നാണ് വിമാനം തിരുവനന്തപുരത്തെത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പറന്ന വിമാനം യാത്ര പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
ഏകദേശം ഒമ്പത് മണിക്കൂറോളം വിമാനം മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മഴക്കെടുതി സന്ദർശനത്തിനായുള്ള വിമാനയാത്ര വൻ വിവാദമായിരിക്കെയാണ് ഇൻവോയിസ് വിവരങ്ങൾ പുറത്തുവന്നത്.
ആവശ്യംവന്നാൽ സ്വകാര്യവ്യക്തികൾ സ്പോൺസർ ചെയ്യുന്ന വിമാനങ്ങളിൽ ഇനിയും യാത്രചെയ്യുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം. അതിൽ ഒരു തെറ്റുമില്ല.
മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇങ്ങനെ യാത്രചെയ്തിട്ടുണ്ട്. തന്റെ യാത്രകൾക്ക് സർക്കാരിന്റെ ഒരുപൈസപോലും ചെലവായിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.